Wednesday, September 7, 2011

Sunday, August 21, 2011

ഇന്ന്‌ ശ്രീകൃഷ്‌ണ ജയന്തി

നമ്മുടെ വില്ലേജും ഈ ആഘോഷത്തില്‍ പങ്കുചേരുന്നു...
ആശംസകള്‍....

Saturday, August 13, 2011

സ്വാതന്ത്ര്യദിനാശംസകള്‍....


അടിമത്വത്തിന്റെയും പീഡനങ്ങളുടെയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച്‌ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദവായു ശ്വസിക്കാന്‍ വേണ്ടി വെള്ളപ്പട്ടാളത്തിന്റെ തീ തുപ്പുന്ന പീരങ്കികള്‍ക്കു മുമ്പില്‍ വിരിമാറു കാട്ടി വീരമൃത്യു വരിച്ച്‌ വീരേതിഹാസം രചിച്ച മഹാരഥന്മാര്‍ നമുക്കു നല്‍കിയ സ്വാതന്ത്ര്യത്തിന്റെ അര്‍ഥവും അടയാളവും സംരക്ഷിക്കാന്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ നാം പ്രതിജ്ഞാബദ്ധരാവുക. (മോഡല്‍: മുഹമ്മദ്‌ യാസിര്‍, കച്ചേരിപ്പറമ്പ് )

ഏവര്‍ക്കും
കച്ചേരിപ്പറമ്പ്‌ ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പ്‌ മെമ്പേഴ്‌സിന്റെ
സ്വാതന്ത്ര്യദിനാശംസകള്‍....

Wednesday, August 10, 2011

നമ്മുടെ ഗ്രാമം

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കച്ചേരിപ്പറമ്പ്‌ ഗ്രാമം. നീലമലകളും കൊച്ചരുവികളും മലരണിക്കാടും മനോഹര ഗ്രാമത്തിനു നിറച്ചാര്‍ത്തേകുമ്പോള്‍ കളകളാരവം മുഴക്കുന്ന രാപ്പാടികളും മധുരഗാനമാലപിക്കുന്ന കോകിലങ്ങളും നൃത്തച്ചുവടുവെക്കുന്ന കേകികളും കണ്ണിനും കാതിനും കുളിരേകുന്ന ഗ്രാമക്കാഴ്‌ചകള്‍ തന്നെ. പീലി വിടര്‍ത്തിയാടുന്ന കേരവൃക്ഷങ്ങളും പച്ചപുതച്ചു കിടക്കുന്ന വയലേലകളും സമൃദ്ധിയുടെ അടയാളപ്പെടുത്തലുകളായി പുഞ്ചിരിതൂകുന്നു. കൊയ്‌ത്തുകാലത്തെ പണിയാളരുടെ പാടിപ്പതിഞ്ഞ നാടന്‍പാട്ടുകള്‍ ഇന്നും അപൂര്‍വമെങ്കിലും ഇവിടെ നിന്നുയരുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ശീലുകള്‍...
പ്രഭാതത്തില്‍ പള്ളിയില്‍ നിന്നുയരുന്ന സുബ്‌ഹ്‌ ബാങ്കിന്റെ ധ്വനിയും അമ്പലത്തിലെ കൗസല്യാ സുപ്രചാ എന്ന മന്ത്രധ്വനിയും ഗ്രാമത്തെ ഉണര്‍ത്തുകയായി. കാലികളെ മേയ്‌ക്കാന്‍ കാട്ടിലേക്കു തിരിക്കുന്ന ഇടയന്മാരും കൃഷിയായുങ്ങളുമായി വയലിലേക്കടുക്കുന്ന കര്‍ഷകരും വിറകുപെറുക്കാന്‍ വനത്തിലേക്കണയുന്ന സ്‌ത്രീജനങ്ങളും ഇന്നും ഇവിടെയില്ലാതില്ല.

നട്ടുച്ച നേരത്ത്‌ വിറകുകെട്ടിന്റെ വലിയൊരു തലച്ചുമടുമായി വരിവരിയായി വരുന്ന നാരീമണികളെ ഇപ്പോഴും ഇവിടെ കാണാം. ദാഹമകറ്റാന്‍ ചുമടിറക്കി അരുവി പകരുന്ന തെളിനീരു നുകരുന്ന അവര്‍ വീണ്ടും അരയന്നച്ചുവടുവെച്ചതി ശീഘ്രം വീട്ടിലേക്ക്‌...
മാനം കറുത്തുതുടങ്ങും മുമ്പേ കൂടണയുന്ന പക്ഷിമൃഗാദികളും വീടണയുന്ന മാനവരും തങ്ങളുടെ ഒരു ദിവസം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും. സന്ധ്യമയങ്ങിയാല്‍ പിന്നെ വിളക്കുകാലുകളില്‍ പ്രകാശം മിന്നിത്തുടങ്ങുകയായി. മുസ്‌ലിംവീടുകളില്‍ നിന്നും പതിഞ്ഞുകേട്ടിരുന്ന ഖുര്‍ആന്റെ ഊരടികള്‍ക്കും ഹൈന്ദവ ഭവനങ്ങളില്‍ നിന്നുയരുന്ന സന്ധ്യാദീപ പ്രാര്‍ഥനകക്കുമൊക്കെ " വംശനാശം" സംഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും വളരെ വിരളമായി ഗ്രാമത്തിലിപ്പോഴും അവയുണ്ടെന്നുതന്നെ പറയാം.

നാനാജാതി മതസ്ഥരും തോളോടുതോളുരുമ്മി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ച്‌ സ്‌നേഹവും സൗഹാര്‍ദവും ജീവിതമുദ്രയാക്കി സഹകരണമനോഭാവത്തോടെ കഴിഞ്ഞുകൂടുന്നു ഗ്രാമത്തില്‍. വല്ലപ്പോഴും വരുന്ന തെരഞ്ഞെടുപ്പു വേളകളില്‍ മാത്രം സൗന്ദര്യപ്പിണക്കം കാട്ടുന്ന വ്യത്യസ്‌ത നിറങ്ങളിലുള്ള കൊടിക്കീഴിലുള്ളവര്‍ അധികം വൈകാതെ കൈകോര്‍ത്ത്‌ ഗ്രാമത്തിനും ഗ്രാമീണര്‍ക്കും വേണ്ടി സേവനത്‌പരരാവുന്നു. അതുതന്നെയാണീ ഗ്രാമത്തിന്റെ വിജയരഹസ്യവും.
സാങ്കേതികവിദ്യകളുടെ അതിപ്രസരവും പ്രവാസീപണവും ഗ്രാമത്തിലും യഥേഷ്ടം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പഴമക്ക്‌ പ്രാധാന്യം കല്‍പിക്കുന്നവരാണിവിടെ കൂടുതലും. രാത്രിയുടെ കരിമ്പടം ഗ്രാമത്തിനുമീതെ പുതപ്പായിമാറി. ഇനി ഒരു വിശ്രമം.... ഗ്രീമീണരുടെ നെഞ്ചിടിപ്പുകള്‍ ക്ലോക്കിലെ സെക്കന്റ്‌ സൂചിയേറ്റെടുത്താല്‍ പിന്നെ ചിവീടുകള്‍ക്കും പാടവരമ്പിലും കുളക്കരയിലും മറ്റുമുള്ള പോക്രോം തവളകള്‍ക്കും ശബ്ദവീചികള്‍ പുറപ്പെടുവിക്കാനുള്ള സമയമായി.